Nithya Raman: Los Angeles mayor and her inspiring journey

Nithya Raman: Los Angeles mayor and her inspiring journey
November 7, 2026

LATEST NEWS

Nithya Raman: Los Angeles mayor and her inspiring journey

ആറു വയസ്സുള്ളപ്പോഴാണ് നിത്യ രാമന്റെ കുടുംബം കേരളം വിട്ട് അമേരിക്കയിലെ ലൂയിസിയാനയിലേക്ക് പോയത്. ആ ആറു വയസ്സിലാണ് എന്റെ മനസ്സ് ഉടക്കി നിൽക്കുന്നത്. ഭാഷയുടെ മുഴക്കവും, കർക്കിടക മഴയുടെ കനവും, അമ്മ ഒരുക്കിയ നാടൻ ചോറിന്റെ രുചിയുമൊക്കെ ഓർമ്മയിൽ പതിഞ്ഞുതുടങ്ങുന്ന പ്രായമാണത്. അതേസമയം, പുതിയൊരു നാട്ടിൽ പുതിയൊരു ഭാഷയിൽ മറ്റൊരാളായി തുടങ്ങാൻ മാത്രം ചെറുപ്പവും. നാടുവിട്ടുപോന്ന നമ്മളിൽ പലർക്കും ഈ ഒത്തുതീർപ്പുകൾ അല്ലെങ്കിൽ ഇരട്ടജീവിതം പരിചയമുള്ളതാണ്. പക്ഷേ നമ്മളിൽ പലരും അത് തുടങ്ങിയത് മുതിർന്നശേഷമാണ്. നിത്യ അത് കുഞ്ഞായിരിക്കുമ്പോഴേ തുടങ്ങി. ആ കുഞ്ഞിനെയാണ് ഇപ്പോൾ ലോസ് ആഞ്ചലസ് നഗരം തങ്ങളുടെ മേയറായി തിരഞ്ഞെടുത്തിരിക്കുന്നത്.

To advertise here, Contact Us

വാർത്ത വന്ന ദിവസം മുതൽ നമ്മുടെ പത്രങ്ങളെല്ലാം അവരെ ‘കേരളത്തിൽ ജനിച്ച നിത്യ’ എന്നാണ് വിളിക്കുന്നത് . തമിഴ് കുടുംബത്തിലാണ് ജനനം, വളർന്നത് അമേരിക്കയിൽ, ജോലി ചെയ്തത് ചെന്നൈയിലും ലോസ് ആഞ്ചലസിലും. എന്നിട്ടും നമ്മൾ അവരെ സ്വന്തമെന്ന് ചേർത്തുപിടിക്കുന്നു. അതിൽ ഒരു കൗതുകമുണ്ട്, ഒരു സത്യവുമുണ്ട്. പ്രവാസിയുടെ വേരുകൾ ഒരിക്കലും ഒരു മണ്ണിൽ മാത്രമായി ഒതുങ്ങി നിൽക്കാറില്ല. പല നാടുകളിലൂടെ പടർന്നുപോകും. ഏതൊക്കെ മണ്ണിലൂടെയാണ് ആ വേരുകൾ പോയതെന്ന് ചിലപ്പോൾ നമുക്കുതന്നെ അറിയണമെന്നില്ല. ഹാർവാർഡിൽ പഠിച്ചു, എം.ഐ.ടി.യിൽ നിന്ന് അർബൻ പ്ലാനിങ്ങിൽ ബിരുദാനന്തര ബിരുദമെടുത്തു. എന്നിട്ട് ഇരുപത്തിമൂന്നാം വയസ്സിൽ ആരും പ്രതീക്ഷിക്കാത്ത ഒരു കാര്യം നിത്യ ചെയ്തു: ഇന്ത്യയിലേക്ക് മടങ്ങി. ചെന്നൈയിൽ ‘ട്രാൻസ്പരന്റ് ചെന്നൈ’ എന്ന പേരിൽ ഒരു സംരംഭം തുടങ്ങി. കുടിവെള്ളവും ശൗചാലയവും പോലുള്ള അടിസ്ഥാനസൗകര്യങ്ങൾ എത്താത്ത ഇടങ്ങൾ കണ്ടെത്തി അടയാളപ്പെടുത്തുക, അവിടത്തെ മനുഷ്യർക്ക് കിട്ടേണ്ടത് ചോദിച്ചുവാങ്ങാൻ ഒരു ബലമാവുക, അതായിരുന്നു ലക്ഷ്യം.

Also read :‘കേരളത്തിന്റെ മകൾ’, ലോസ് ആഞ്ജലീസിലെ ആദ്യ ഏഷ്യൻ-അമേരിക്കൻ മേയർ; തിരഞ്ഞെടുപ്പിൽ നിത്യ രാമൻ വിജയിച്ചു

ഒരു നഗരത്തിലെ ശൗചാലയങ്ങൾ എണ്ണുന്നത് അത്ര തിളക്കമുള്ള ജോലിയല്ല. പക്ഷേ ഒരു നഗരം സ്ത്രീകളോട് എങ്ങനെ പെരുമാറുന്നു എന്നറിയാൻ അതിലും നല്ല വഴിയുമില്ല. ഇരുട്ടു വീണാൽ പുറത്തിറങ്ങാൻ പേടിക്കുന്നത്, വെള്ളത്തിനായി ക്യൂ നിൽക്കുന്നത്, വൃത്തിയുള്ള ഒരു ശൗചാലയമില്ലാതെ സ്‌കൂൾ പഠനം പാതിവഴിയിൽ നിർത്തുന്നത്, ഇതൊക്കെ ആദ്യം അനുഭവിക്കുന്നത് പെൺകുട്ടികളാണ്.നഗരങ്ങളെ സ്ത്രീകൾക്ക് സുരക്ഷിതമാക്കുന്ന ജോലിയായിരുന്നു നിത്യ അന്ന് ചെയ്തിരുന്നത്. വലിയ പ്രസംഗങ്ങളിൽ നിന്നല്ല, അടിസ്ഥാന കാര്യങ്ങളിൽ നിന്നാണ് നിത്യാ രാമൻ രാഷ്ട്രീയത്തിലേക്ക് നടന്നുകയറിയത്.അക്കാലത്തുതന്നെ ലീല സാംസണിന്റെ കീഴിൽ നൃത്തവും പഠിച്ചിരുന്നു എന്നറിഞ്ഞപ്പോൾ എനിക്കെന്തോ പ്രത്യേകമായൊരിഷ്ടം തോന്നി. കണക്കും താളവും ഒരുപോലെ വഴങ്ങുന്ന ഒരാൾ.

പിന്നീട് ലോസ് ആഞ്ചലസിലെത്തി. വീടില്ലാത്തവർക്കായി ഒരു സംഘടന തുടങ്ങുന്നതിൽ പങ്കാളിയായി. ടൈംസ് അപ്പ് എന്റർടെയ്ൻമെന്റിന്റെ തലപ്പത്തിരുന്നു. 2020-ൽ സിറ്റി കൗൺസിലിലേക്ക് ജയിച്ചു. ഇതിനിടയിൽ ഇരട്ടക്കുട്ടികളുടെ അമ്മയുമായി.ഫെബ്രുവരിയിൽ, നാമനിർദ്ദേശം നൽകാനുള്ള സമയം തീരാൻ മണിക്കൂറുകൾ മാത്രം ബാക്കിയുള്ളപ്പോഴാണ് നിത്യ മേയർ സ്ഥാനത്തേക്ക് മത്സരിക്കാനിറങ്ങുന്നത്. അതും ആഴ്ചകൾക്കു മുമ്പ് താൻതന്നെ പിന്തുണ പ്രഖ്യാപിച്ച മേയർക്കെതിരെ. ജൂണിലെ പ്രൈമറിയുടെ രാത്രി മൂന്നാം സ്ഥാനത്തായിപ്പോയപ്പോൾ ക്യാമറകൾക്കു മുന്നിൽ നിത്യ കരഞ്ഞു.

പക്ഷേ കഥ അവിടെ തീർന്നില്ല. വൈകിയെത്തിയ തപാൽ വോട്ടുകൾ എണ്ണിത്തുടങ്ങിയപ്പോൾ ഓരോ ദിവസവും അവർ പതുക്കെ മുന്നോട്ടു കയറി. ഒരാഴ്ചയ്ക്കുള്ളിൽ രണ്ടാം സ്ഥാനത്തെത്തി റൺഓഫ് ഉറപ്പിച്ചു. ഈ ചൊവ്വാഴ്ച ആ അവസാന മത്സരവും ജയിച്ചു.ഏഷ്യൻ വംശജരായ ഒരു മേയർ ലോസ് ആഞ്ചലസിന് ഇതുവരെ ഉണ്ടായിട്ടില്ല. ആ കസേരയിലിരിക്കുന്ന രണ്ടാമത്തെ സ്ത്രീ മാത്രമാണ് നിത്യ.മേയറുടെ ജോലി എളുപ്പമാവില്ലെന്ന് അറിയാം. ബജറ്റും തർക്കങ്ങളും നിരാശകളുമൊക്കെ മുന്നിലുണ്ട്. വീടില്ലാത്തവരുടെ എണ്ണം, വാടകയുടെ ഭാരം, കാട്ടുതീ ബാക്കിവെച്ച മുറിവുകൾ, ബജറ്റിലെ കമ്മി, ഇതൊക്കെ മുന്നിലുണ്ട്. പൊലീസിങ് പോലുള്ള കാര്യങ്ങളിൽ അവരുടെ നിലപാടുകൾ കാലത്തിനനുസരിച്ച് മാറിയിട്ടുണ്ടെന്ന് വിമർശകർ പറയുന്നുമുണ്ട്. അതും കാണാതിരുന്നുകൂടാ. ജയിക്കുന്നതിനേക്കാൾ പ്രയാസമാണ് ഭരിക്കുന്നത്. ഒരു സ്ത്രീ ഭരിക്കുമ്പോൾ അവളുടെ ഓരോ പിഴവിനും ഇരട്ടി ഭാരമുണ്ടാകും എന്നതും നമുക്കറിയാം.

എന്നാലും ഈ വിജയം ആഘോഷിക്കാനുള്ളത് തന്നെയാണ്.പുറത്തുനിന്നു വന്നവരോട് ‘നിങ്ങളുടെ ഊഴം ആയിട്ടില്ല’ എന്ന് പല രീതിയിൽ, പലപ്പോഴും പറയാതെ പറയുന്ന ഒരു നാടാണിത്. ഇവിടെയാണ് കേരളത്തിൽ ഒരു തമിഴ് കുടുംബത്തിൽ ജനിച്ച ഒരു പെൺകുട്ടിയെ ഒരു വലിയ നഗരം മുഴുവൻ വിശ്വസിച്ച് ഏൽപ്പിച്ചിരിക്കുന്നത്.ഈ ആഴ്ചത്തെ സന്തോഷവാർത്ത അതു മാത്രമല്ല ടെക്‌സസിൽ പൂജ സേഥി സംസ്ഥാന നിയമസഭയിലെത്തുന്ന ആദ്യത്തെ ഇന്ത്യൻ-അമേരിക്കൻ വനിതയായി. ഇന്ത്യക്കാർക്കെതിരെ വെറുപ്പു നിറഞ്ഞ വാക്കുകൾ പലതും കേൾക്കേണ്ടിവന്ന പ്രചാരണമായിരുന്നു അവരുടേത്.അതിന് അവർ നൽകിയ മറുപടി ഒറ്റ വാചകമായിരുന്നു: ”വെറുപ്പിന് ഇവിടെ സ്ഥാനമില്ല.”ഫ്‌ലോറിഡയിൽ, സ്‌കൂൾ പ്രിൻസിപ്പലായിരുന്ന പിയ ദാൻഡിയ കോൺഗ്രസിലേക്ക് ജയിച്ചു. ആ സംസ്ഥാനത്തുനിന്ന് യു.എസ്. ഹൗസിലെത്തുന്ന ആദ്യത്തെ ഇന്ത്യൻ-അമേരിക്കൻ സ്ത്രീയാണ് അവർ.

വാഷിങ്ടണിൽ പ്രമീള ജയപാൽ ആറാം തവണയും ജയിച്ചുകയറി. മേരിലാൻഡിൽ അരുണ മില്ലർ വീണ്ടും ലെഫ്റ്റനന്റ് ഗവർണറായി.

ഓരോരുത്തരുടെയും നാടും കഥയും രാഷ്ട്രീയവും വേറെയാണ്. പക്ഷേ എല്ലാവരിലും പൊതുവായ ഒന്നുണ്ട്. എവിടെനിന്നോ വന്നവരാണവർ, അല്ലെങ്കിൽ അവരുടെ മാതാപിതാക്കൾ.തങ്ങൾക്കായി ആരും ഒരുക്കിവെക്കാത്ത ഇടങ്ങളിലേക്ക് ധൈര്യത്തോടെ കയറിച്ചെന്ന് ‘ഞങ്ങളും ഇവിടെയുണ്ട്’ എന്ന് പറഞ്ഞവരാണവർ. അതുകൊണ്ടുതന്നെ ആറാം വയസ്സിലോ പതിനാറാം വയസ്സിലോ ഇരുപത്തിയാറാം വയസ്സിലോ നാടുവിടേണ്ടി വരുന്ന ഓരോ സ്ത്രീക്കും ഈ വിജയത്തിൽ തീർച്ചയായും പങ്കുണ്ട്.

Content Highlights: Nithya Raman becomes the first Asian-origin and second woman to be elected Mayor of Los Angeles., Highlights the journey of immigrant women breaking barriers in US politics, including Pooja Sethi, Priya Dandekar, Pramila Jayapal, and Aruna Miller., Reflects on Nithya Raman’s early grassroots work in Chennai with ‘Transparent Chennai’ and her rise in American local politics.

Published: 07 Nov 2026, 09:22 pm IST

മാതൃഭൂമി.കോം വാട്സാപ്പിലും

Follow

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..

Share this post:

POLL

Who Will Vote For?

Other

Republican

Democrat

RECENT NEWS

Diljit Dosanjh barred from singing ‘Patiala Peg’, 3 other songs at Indore concert amid child safety concerns | India News

Diljit Dosanjh barred from singing ‘Patiala Peg’, 3 other songs at Indore concert amid child safety concerns | India News

Two men arrested for attacking ASI in Malappuram

Two men arrested for attacking ASI in Malappuram

Stuck at work on Diwali? Firms offer employees longer breaks, better gifts and extra earnings

Stuck at work on Diwali? Firms offer employees longer breaks, better gifts and extra earnings

Dynamic Country URL Go to Country Info Page